കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണം ദുർബലമാണെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് കേസിനെ ദുർബലപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. "അന്വേഷിക്കുവിൻ, എന്നാൽ കണ്ടെത്തരുത്" എന്ന രീതിയിലാണ് നിലവിലെ അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.(Case is weak, Former public prosecutor in tree felling case)
കേസ് സംബന്ധിച്ച് പരസ്യ വിമർശനം നടത്തിയതിനെ തുടർന്നാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും ജോസഫ് മാത്യു വ്യക്തമാക്കി. കേസ് സി.ബി.ഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരം മുറി കേസിലെ എല്ലാ വിവരങ്ങളും ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ കർഷകർക്കെതിരായ നടപടി ഉദ്യോഗസ്ഥ തലത്തിൽ ഇപ്പോഴും തുടരുകയാണെന്ന് ജോസഫ് മാത്യു ചൂണ്ടിക്കാട്ടി. ഈ നടപടി നിർത്തിവെക്കാൻ കൃത്യമായ ഉത്തരവ് ഇടുകയാണ് വേണ്ടത്. അഗസ്റ്റിൻ സഹോദരന്മാർ മരംമുറിച്ചത് മുട്ടിലിലെ 29 കർഷകരുടെ ഭൂമിയിൽ നിന്നാണ്. വിലകൂടിയ മരങ്ങൾ വനംവകുപ്പിന്റെ അനുമതിയില്ലാതെ മുറിച്ചു കടത്തിയെന്നാണ് കേസ്.
തങ്ങളെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ സമർപ്പിച്ച ഹർജികൾ വനംവകുപ്പ് അപാകതകൾ ചൂണ്ടിക്കാട്ടി തള്ളിയിരിക്കുകയാണ്. കർഷകരെ സംരക്ഷിച്ച് കൊണ്ട് കേസന്വേഷണം നടത്തുമെന്നായിരുന്നു സർക്കാർ നേരത്തെ നൽകിയിരുന്ന ഉറപ്പ്.