തിരുവനന്തപുരം: രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിമർശിച്ചു. കേരളത്തിലെ സംഭവങ്ങൾ വാർത്തയാക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും എന്നാൽ ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളെപ്പോലും പെരുപ്പിച്ചു കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Case is against those who were attacked in Kerala, George Kurian on attacks on Christians)
ഉത്തരേന്ത്യയിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളിൽ കേസെടുത്ത് നടപടികൾ ഉണ്ടാകുന്നുണ്ട്. എന്നാൽ കേരളത്തിൽ ആക്രമിക്കപ്പെട്ടവർക്കെതിരെയാണ് പോലീസ് കേസെടുക്കുന്നത്. ഇവിടെ അക്രമികൾക്കെതിരെ നടപടിയുണ്ടാകുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.
ശാസ്തമംഗലത്തെ ഓഫീസ് തർക്കത്തിൽ മാധ്യമങ്ങൾ സ്ത്രീവിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. എം.എൽ.എയുടെ മുറിയിലൂടെ വനിതാ കൗൺസിലറുടെ ഓഫീസിലേക്ക് പോകേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹം കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ ജനതയ്‌ക്കെതിരെയാണ് കേരളത്തിലെ മാധ്യമങ്ങൾ നിലകൊണ്ടതെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളെ എതിർക്കേണ്ട സമയത്ത് എതിർക്കുമെന്നും മാധ്യമങ്ങൾക്ക് ഇഷ്ടമുള്ള മറുപടി പറയാൻ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം ക്ഷുഭിതനായി പറഞ്ഞു.