'പോറ്റിയെ കേറ്റിയെ' പാരഡി ഗാനത്തിൽ കേസെടുത്ത സംഭവം : കടുത്ത നടപടികൾ ഉടൻ ഉണ്ടാകില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചു വരുത്തും | Parody song

പൊലീസിനുള്ളിൽ ഭിന്നാഭിപ്രായം
'പോറ്റിയെ കേറ്റിയെ' പാരഡി ഗാനത്തിൽ കേസെടുത്ത സംഭവം : കടുത്ത നടപടികൾ ഉടൻ ഉണ്ടാകില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചു വരുത്തും | Parody song
Updated on

തിരുവനന്തപുരം: വിവാദമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കടുത്ത നടപടികൾ ഉടൻ ഉണ്ടാകില്ലെന്ന് സൂചന. കേസിലെ പ്രതികളെ നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് പൊലീസ് തീരുമാനം. നിലവിൽ ഗാനം പ്രചരിക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്നും പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇത് നീക്കം ചെയ്യാനുള്ള നടപടികൾ സൈബർ പൊലീസ് ആരംഭിച്ചു.(Case filed over parody song, Strict action not likely soon)

ശരണമന്ത്രത്തെ അപമാനിക്കുകയും മതവിദ്വേഷം വളർത്തുകയും ചെയ്യുന്ന രീതിയിൽ പാട്ടുണ്ടാക്കിയെന്ന പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്. തിരുവാഭരണപാതാ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമോപദേശം തേടിയ ശേഷം എടുത്ത കേസിൽ നാലുപേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞബ്ദുള്ള, ഡാനിഷ്, സുബൈർ പന്തല്ലൂർ, സി.എം.എസ് മീഡിയ എന്നിവരാണത്.

മതസ്പർദ്ധ വളർത്തൽ, മതവിശ്വാസം വ്രണപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഗാനത്തെയും ശരണമന്ത്രത്തെയും ഗാനത്തിലൂടെ അവഹേളിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

കേസെടുത്ത നടപടിയിൽ പൊലീസിനുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. സമാനമായ രീതിയിൽ പാരഡി ഗാനങ്ങൾ മുൻപും വന്നിട്ടുള്ളതിനാൽ ഈ കേസ് നിയമപരമായി എത്രത്തോളം നിലനിൽക്കുമെന്നതിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുന്നത്. സൈബർ പൊലീസ് എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കേസുമായി മുന്നോട്ട് പോകുന്നത്.

വിഷയം ഇന്ന് ചേരുന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയാകും. ഗാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിനുപുറമെ, പാരഡി ഗാനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും ഒരുങ്ങുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com