തിരുവനന്തപുരം: നെടുമങ്ങാട് ഡി.വൈ.എഫ്.ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ എസ്.ഡി.പി.ഐ. പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മുല്ലശ്ശേരി സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.(Case filed against SDPI activists who burned ambulance in Nedumangad clash)
സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച കേസിൽ റഫീഖ്, നിസാം, സമദ് എന്നിവർക്കെതിരെയാണ് അരുവിക്കര പോലീസ് കേസെടുത്തത്.
ഏറെ നാളായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷത്തിൻ്റെ തുടർച്ചയായാണ് നെടുമങ്ങാട് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഞായറാഴ്ച രാത്രി 10 മണിയോടെ അഴീക്കോട് ജംഗ്ഷനിൽ വെച്ച് സി.പി.എം. മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്.ഡി.പി.ഐ. പ്രവർത്തകർ ആക്രമിച്ചു.
ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഉടൻ തന്നെ ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് എസ്.ഡി.പി.ഐയുടെ ആംബുലൻസ് തകർത്തത്. മുഖംമറച്ചെത്തിയ യുവാക്കൾ ആംബുലൻസ് തകർക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐയുടെ ആംബുലൻസിന് എസ്.ഡി.പി.ഐ. പ്രവർത്തകർ തീയിട്ടത്. എസ്.ഡി.പി.ഐയുടെ ആംബുലൻസ് സി.പി.എം. പ്രവർത്തകർ തകർത്ത സംഭവത്തിൽ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല. ഡി.വൈ.എഫ്.ഐക്കെതിരെ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എസ്.ഡി.പി.ഐ. പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു.