
കൊച്ചി: ‘ആക്ഷൻ ഹീറോ ബിജു-2’ എന്ന ചിത്രത്തിന്റെ അവകാശം സ്വന്തമാക്കാൻ നിവിൻ പോളിയുടെ വ്യാജ ഒപ്പ് ഉപയോഗിച്ചെന്ന പരാതിയിൽ നിർമാതാവ് പി.എ. ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചിത്രത്തിന്റെ നിർമാതാവും നായകനുമായ നിവിൻ പോളിയുടെ പരാതിയെ തുടർന്നാണ് നടപടി.
2023-ൽ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും നിവിന്റെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. പക്ഷെ, ഈ വിവരം മറച്ചുവെച്ച് ഷംനാസ് ഫിലിം ചേംബറിൽ നിന്ന് ചിത്രത്തിന്റെ പേരിന് മേലുള്ള അവകാശം സ്വന്തമാക്കുകയായിരുന്നു. അവകാശം സ്വന്തമാക്കാനായി നിവിൻ പോളിയുടെ വ്യാജ ഒപ്പുള്ള രേഖകൾ ഷംനാസ് ഹാജരാക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നിവിൻ പോളിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നു നിവിൻ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഷംനാസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അതേസമയം, നേരത്തെ ചിത്രത്തിന്റെ അവകാശങ്ങൾ തനിക്കാണെന്നും സിനിമയുടെ ഓവർസീസ് അവകാശം പോളീ ജൂനിയർ മറ്റൊരു കമ്പനിക്ക് നൽകിയെന്നുമാരോപിച്ച് ഷംനാസ് നിവിൻ പോളിക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ വ്യാജ രേഖകൾ കാണിച്ച് നൽകിയുള്ള ഈ കേസ് റദ്ദാക്കാനുള്ള നടപടികൾ നിവിൻ ആരംഭിച്ചുവെന്നാണ് അറിയുന്നത്.
കരാർ തർക്കങ്ങൾക്കിടയിൽ, നിവിനെ സാമൂഹികമധ്യത്തിൽ അപമാനിക്കാനും ഭീഷണിപ്പെടുത്തി സ്വന്തം ലക്ഷ്യങ്ങൾ നേടാനും ഷംനാസ് ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു. വ്യാജ രേഖ ഹാജരാക്കിയ കേസിൽ ഷംനാസിനെതിരെ ഐപിസി 1860 സെക്ഷൻ 465, സെക്ഷൻ 471 എന്നിവ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.