തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം വിഭാഗം മേധാവി ഡോ. സി.എൻ. വിജയകുമാരിക്കെതിരെ കേസ് എടുത്തു. എസ്.എഫ്.ഐ. നേതാവും ഗവേഷക വിദ്യാർത്ഥിയുമായ വിപിൻ വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസാണ് കേസെടുത്തിരിക്കുന്നത്.(Case filed against head of Sanskrit department at Kariavattom campus under SC/ST Act)
അധ്യാപിക തൻ്റെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും പിഎച്ച്.ഡി. തീസിസിൽ ഒപ്പിടാൻ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് വിപിൻ വിജയൻ്റെ പരാതി. പരാതിയിൽ എസ്.സി/എസ്.ടി. (അതിക്രമം തടയൽ) നിയമപ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അതേസമയം, ഗവേഷക വിദ്യാർത്ഥിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വകുപ്പ് മേധാവി ഡോ. വിജയകുമാരി ഉന്നയിക്കുന്നത്. വിദ്യാർത്ഥിക്ക് വിഷയത്തിൽ പ്രാവീണ്യമില്ലെന്ന് അധ്യാപിക വിലയിരുത്തിയിരുന്നു. വിദ്യാർത്ഥിക്ക് സംസ്കൃതം അറിയില്ലെന്നും, ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി കഴിഞ്ഞ മാസം വൈസ് ചാൻസിലർക്ക് കത്ത് നൽകിയിരുന്നു.
'സംസ്കൃതം അറിയാത്ത വിദ്യാർത്ഥിക്ക് സംസ്കൃതത്തിൽ പിഎച്ച്.ഡി. നൽകാൻ ശുപാർശ ചെയ്ത' മൂല്യനിർണയ കമ്മിറ്റി ചെയർമാനെതിരെയും വകുപ്പ് മേധാവി വിസിയെ സമീപിച്ചിട്ടുണ്ട്. മൂല്യനിർണയ കമ്മിറ്റി ചെയർമാന്റെ ശുപാർശ റദ്ദാക്കണമെന്നാണ് ഡോ. വിജയകുമാരിയുടെ ആവശ്യം.
ചട്ടമ്പിസ്വാമികളെക്കുറിച്ചുള്ള 'സദ്ഗുരു സർവസ്വം, ഒരു പഠനം' എന്ന വിഷയത്തിലാണ് വിപിൻ വിജയൻ തീസിസ് സമർപ്പിച്ചത്. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യൂണിവേഴ്‌സിറ്റി തലത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രാർ, റിസർച്ച് ഡയറക്ടർ എന്നിവർക്കാണ് വൈസ് ചാൻസലർ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
അതിനിടെ, തനിക്കെതിരെയുള്ള പരാതികൾ അധ്യാപികയുടെ വ്യക്തിവിരോധമാണെന്ന് വിപിൻ വിജയൻ പ്രതികരിച്ചു. വിപിൻ നിലവിൽ കാര്യവട്ടം ക്യാമ്പസിലെ റിസർച്ചേഴ്സ് യൂണിയൻ ഭാരവാഹിയാണ്. എന്നാൽ വിപിൻ ആറു വർഷം മുൻപാണ് റിസർച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നതെന്നും നിലവിൽ എസ്.എഫ്.ഐയുമായി ബന്ധമില്ലെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.