

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരണം. സംഭവത്തിൽ രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കെതിരെ കേസെടുത്തു. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിലാണ് നടപടി. ചിത്രകാരിയും സോഷ്യൽ മീഡിയ താരവുമായ ജസ്ന സലീമിനെതിരെയും, ആർഎൽ ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്.
നേരത്തെ, ജസ്ന ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് റീൽസ് ചിത്രീകരണം നടത്തിയിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിവസം ജസ്ന സലീം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽവെച്ച് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വിഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഹൈക്കോടതിയുടെ ഈ ഉത്തരവ് ലംഘിച്ച് കൊണ്ടാണ് വീണ്ടും പുതിയ റീൽസ് ചിത്രീകരിച്ചത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലും ജസ്നയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അന്ന് കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല ചാർത്തി വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്.
കൊയിലാണ്ടി സ്വദേശിനി ജസ്ന, ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ചതും ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘മുസ്ലീം കുട്ടി എന്ന ലേബൽ വേണ്ടെന്നുവച്ചുവെന്നും തനിക്ക് ഇനി മുതൽ മതവും തട്ടവും ഇല്ലെന്നും ജസ്ന മുൻപൊരിക്കൽ പറഞ്ഞിരുന്നു.