മലപ്പുറം : കള്ളവോട്ട് രേഖപ്പെടുത്തിയ മുസ്ലീം ലീഗ് പ്രവർത്തകനെതിരെ കേസ്. മലപ്പുറം മൊറയൂർ പഞ്ചായത്തിലാണ് കള്ളവോട്ട് ചെയ്തതിന് ലീഗ് പ്രവർത്തകനെതിരെ കേസെടുത്തത്.
മുഹമ്മദ് മുദ്ദസിർ സികെക്ക് എതിരെയാണ് കേസ്. വിദേശത്തുള്ള സഹോദരനായ മുഹമ്മദ് മുസമ്മിലിന്‍റെ വോട്ടാണ് ഇയാൾ കള്ളവോട്ടിട്ടത്.പരാതിയെ തുടർന്ന് കൊണ്ടോട്ടി പൊലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം,തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി.