
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദേശ വനിതക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. അനുമതിയില്ലാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്നും പോസ്റ്റർ കീറിയത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് പൊലീസിന്‍റെ അന്തിമ റിപ്പോർട്ടിൽ പറയുന്നില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്. കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജൂത വംശജയായ ആസ്ട്രേലിയൻ വനിത സാറ ഷെലൻസിക്കെതിരെ മട്ടാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റദ്ദാക്കിയത്.
കഴിഞ്ഞ ഏപ്രിലിൽ ഫോർട്ട്കൊച്ചി സന്ദർശിക്കാനെത്തിയ യുവതി ഫലസ്തീൻ അനുകൂല ബോർഡുകൾ കീറി നശിപ്പിക്കുകയായിരുന്നു. എസ്.ഐ.ഒ പ്രവർത്തകർ നൽകിയ പരാതിയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.