കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ പോലീസ് കേസെടുത്തു.(Case against 321 people including DYFI leader on Thamarassery fresh cut plant clash)
ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി. കലാപം ഉണ്ടാക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ പിടികൂടാൻ പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്നലെ വൈകിട്ടാണ് പ്ലാന്റിന് മുന്നിൽ നടന്ന സമരത്തിനിടെ സംഘർഷമുണ്ടായത്. കോഴിക്കോട് റൂറൽ എസ്.പി ഉൾപ്പെടെ 16 പോലീസുകാർക്കും 25 ഓളം നാട്ടുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.
സംഘർഷത്തിന് പുറമെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റിന് തീയിട്ട സംഭവത്തിൽ 30 പേർക്കെതിരെയും പോലീസ് കേസെടുത്തു. മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും തൊഴിലാളികളെ കണ്ടെയ്നർ ലോറിക്കകത്തിട്ട് പൂട്ടിയിട്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ലോറിക്ക് തീയിട്ടതെന്നും എഫ്.ഐ.ആർ വ്യക്തമാക്കുന്നു. പ്രദേശവാസിയായ വാവിയാണ് ഈ കേസിലെ ഒന്നാം പ്രതി. പ്ലാന്റും വാഹനങ്ങളും തകർത്തതിലൂടെ ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഒരു വിഭാഗം സമരക്കാരുടെ നേതൃത്വത്തിൽ ആസൂത്രിതമായ ആക്രമണമാണ് ഇന്നലെ നടന്നതെന്നാണ് പോലീസ് പറയുന്നത്. ഒരു കിലോമീറ്റർ അകലെയുള്ള സ്ഥിരം സമരവേദിയിൽ പ്രതിഷേധം നടക്കുമ്പോൾ മറ്റൊരു സംഘം പ്ലാന്റിനകത്ത് കയറി വാഹനങ്ങൾക്കും ഫാക്ടറിക്കും തീയിടുകയായിരുന്നു. സി.സി.ടി.വി. ക്യാമറകൾ നശിപ്പിച്ച സംഘം വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കാണ് ആദ്യം തീയിട്ടത്.
തീ അണയ്ക്കാൻ പുറപ്പെട്ട ഫയർ ഫോഴ്സ് സംഘത്തെ പ്രതിഷേധക്കാർ വഴിയിൽ തടഞ്ഞു. തീ പടർന്നു പിടിക്കുമ്പോൾ 12 തൊഴിലാളികൾ ഫാക്ടറിക്കകത്ത് ഉണ്ടായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ 10 ലോറികൾ ഉൾപ്പെടെ 15 വാഹനങ്ങളും ഫാക്ടറിയും കത്തി നശിച്ചു. അഞ്ച് വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലും വിവിധയിടങ്ങളിൽ സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. താമരശ്ശേരി കാട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രവും വാഹനങ്ങളും കത്തിച്ച സംഭവത്തിൽ തുടർ നടപടികളുമായി പോലീസ് മുന്നോട്ടുപോവുകയാണ്.