കൊച്ചി : അഴീക്കലിൽ അഗ്നിക്കിരയായ സിംഗപ്പൂരിയൻ ചരക്ക് കപ്പൽ വാൻഹായി 503ൽ മധ്യഭാഗത്ത് തീ അണയ്ക്കാൻ സാധിച്ചുവെങ്കിലും മുന്നിലും പിന്നിലും കത്തുകയാണ്. മധ്യഭാഗത്ത് നിന്ന് പുക മാത്രമാണ് ഉയരുന്നത് എന്നാണ് കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ പറയുന്നത്.(Cargo ship caught fire near Kannur coast)
കപ്പൽ തീ പിടിച്ചിടത്ത് നിന്നും ഏകദേശം 40 നോട്ടിക്കൽ മൈലോളം ദൂരത്തേക്ക് ഒഴികിയിട്ടുണ്ട്. ഇപ്പോൾ തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ 5 കപ്പലുകളാണ് ഉള്ളത്. ഉടൻ തന്നെ മംഗളൂരുവിൽ നിന്ന് രണ്ടു കപ്പലുകൾ കൂടി എത്തും. ഇന്ന് വൈകുന്നേരത്തോടെ തീ കെടുത്താനുള്ള രാസവസ്തുക്കൾ ഹെലികോപ്റ്ററുകൾ തളിക്കുമെന്നാണ് വിവരം.
നാളെ വൈകുന്നേരത്തോടെ തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥലത്ത് ശക്തമായ മഴയും മോശം കാലാവസ്ഥയും നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ ഡോണിയർ വിമാനത്തിന് ഉച്ചയ്ക്ക് ശേഷം നിരീക്ഷണം നടത്താൻ കഴിഞ്ഞിട്ടില്ല.
നിലവിൽ കപ്പൽ 15 ഡിഗ്രി വരെ ഇടത്തേക്ക് ചരിഞ്ഞിട്ടുണ്ട്. ദൗത്യമേഖലയിൽ ഉണ്ടായിരുന്ന നേവിയുടെ വലിയ പട കപ്പൽ ഐ എൻ എസ് സത്ലജിനെ പിൻവലിച്ചു. പരിക്കേറ്റ ചില ജീവനക്കാർ സുഖം പ്രാപിച്ചു. ഒരാൾ ആശുപത്രി വിട്ടിട്ടുണ്ട്. ചൈനീസ് പൗരൻ ഗുവോ ലെനിനോ ആണിത്.