കണ്ണൂർ: നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട് ഉയർത്തിയ റോഡിനും ഇടയിലെ വിടവിലേക്ക് വീണു. അടിപ്പാതയിലെ റോഡിലേക്ക് തൂങ്ങിക്കിടന്ന കാറിൽ നിന്ന് ഡ്രൈവറെ നാട്ടുകാർ സാഹസികമായി പുറത്തെടുത്തു.(Car falls into gap during national highway construction in Kannur, driver found drunk)
ഇന്നലെ വൈകിട്ട് 5.30-നാണ് ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയ്ക്ക് സമീപം സംഭവം. തലശ്ശേരി ഭാഗത്തുനിന്ന് വന്ന കാർ ചാല ബൈപാസ് ജംക്ഷന് സമീപമെത്തിയപ്പോൾ മണ്ണിട്ട് ഉയർത്തി നിർമിക്കുന്ന ദേശീയപാതയിലേക്ക് കയറുകയായിരുന്നു. വേഗത്തിൽ വന്ന കാർ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട ഭാഗത്തിനും ഇടയിലെ വിടവിലേക്ക് വീഴുകയായിരുന്നു.
സമീപത്തെ ക്ഷേത്രത്തിൽനിന്ന് നീളമേറിയ ഏണി കൊണ്ടുവന്നാണ് നാട്ടുകാർ ഡ്രൈവറെ കാറിൽനിന്ന് പുറത്തെത്തിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നതിനാൽ വീഴാതിരിക്കാൻ നാട്ടുകാർ ശ്രദ്ധിച്ച് സാവധാനത്തിൽ താഴെ എത്തിക്കുകയായിരുന്നു.
കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി. കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. മദ്യലഹരിയിൽ കാറോടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെ (29) എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.