കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കെ.വി. കനാലിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഇദ്ദേഹം.(Car falls into canal in Vaikom, doctor dies)
വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞുകിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്ന് ഡോക്ടറുടെ മൃതദേഹം പുറത്തെടുത്തത്.
കാർ ഇന്നലെ രാത്രിയോടെ വെള്ളത്തിൽ വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം നിലവിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് വൈക്കം പോലീസ് അറിയിച്ചു.