തലസ്ഥാനത്ത് ഫയർ ഫോഴ്‌സ് ഓഫീസിന് മുന്നിലൂടെ കടന്ന് പോയ കാറിന് തീപിടിച്ചു | Car
തിരുവനന്തപുരം: തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന് മുന്നിലൂടെ കടന്നുപോയ ടാറ്റ ഇൻഡിഗോ കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്ന കുടുംബം ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.(Car caught fire in front of the fire force office in Trivandrum)
നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ സേനാംഗങ്ങൾ ഓടിയെത്തി. കാറിന്റെ എസിയുടെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് വിവരം.
ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ ഉൾവശത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുക ഉയരുന്നത് കണ്ടയുടൻ ഫയർഫോഴ്‌സ് അംഗങ്ങൾ ഓടിയെത്തി ഉടൻതന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയ അപകടം ഒഴിവായി. യാത്രക്കാരെ ഉടൻ പുറത്തിറക്കാനായത് രക്ഷാപ്രവർത്തനത്തിൽ നിർണായകമായി.
സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് ഓഫീസറായ സനു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ജിനേഷ്, സന്തോഷ് കുമാർ, പ്രദീപ്, രതീഷ്, സാജൻ, രഹിൽ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
