

തിരുവനന്തപുരം: കല്ലമ്പലം കടമ്പാട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ക്വാളിസ് കാറാണ് പൂർണ്ണമായും കത്തിയമർന്നത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. സുഗന്ധകുമാറും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
യാത്രയ്ക്കിടെ വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയരുന്നത് സുഗന്ധകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ കാർ റോഡരികിലേക്ക് ഒതുക്കി നിർത്തി കുടുംബാംഗങ്ങളെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആളുകൾ പുറത്തിറങ്ങിയതിന് പിന്നാലെ കാർ പൂർണ്ണമായും തീ വിഴുങ്ങുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കല്ലമ്പലം ഫയർഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്. എന്നാൽ അപ്പോഴേക്കും കാർ പൂർണ്ണമായും കത്തിയ നിലയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.