തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതി വള്ളക്കടവ് സ്വദേശി വിഷ്ണു നെയ്യാറ്റിൻകരയിൽ വെച്ച് പിടിയിലായി. ഇന്നലെ രാത്രി ആറ്റിങ്ങൽ ഡിവൈഎസ്പി സ്ക്വാഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ പിടികൂടി നൽകിയിട്ടും പോലീസ് വിട്ടയച്ചത് വലിയ വിവാദമായിരുന്നു.(Car accident that claimed the lives of a couple, Absconding accused arrested)
ജനുവരി 3-ന് വൈകുന്നേരം സംസ്ഥാന പാതയിലെ പാപ്പാലയിലാണ് അപകടം നടന്നത്. കിളിമാനൂർ സ്വദേശികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിൽ വിഷ്ണു ഓടിച്ചിരുന്ന ഥാർ ജീപ്പ് അമിതവേഗതയിൽ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അംബിക ജനുവരി 7-ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരണത്തിന് കീഴടങ്ങി.
അപകടത്തിന് ശേഷം നിർത്താതെ പോയ ജീപ്പ് നാട്ടുകാർ പിന്തുടർന്ന് തടയുകയും വിഷ്ണുവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, പോലീസ് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അംബിക മരിച്ച ശേഷമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതെങ്കിലും അപ്പോഴേക്കും വിഷ്ണു ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.