കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ പൊലീസ് വിട്ടയച്ചു. നോട്ടീസ് നൽകിയാണ് വിട്ടയച്ചത്.(Can't silence by filing a case, N Subramanian released with notice)
പൊലീസ് നടപടി വെറും നാടകമാണെന്നും തന്നെ കേസെടുത്ത് നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നും പുറത്തിറങ്ങിയ ശേഷം സുബ്രഹ്മണ്യൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ പങ്കുവെച്ച ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണ്. അതിൽ വക്രീകരണമില്ല. പൊലീസ് തന്റെ ഫോൺ വാങ്ങിവെച്ചിരിക്കുകയാണ്. ആദ്യം പങ്കുവെച്ച ഒരു ചിത്രം അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തിരുന്നു.
അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരായ പോരാട്ടത്തിൽ പതിനായിരങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച രാവിലെയാണ് ചേവായൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം സുബ്രഹ്മണ്യനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയും പ്രതിയും തമ്മിൽ അഗാധമായ ബന്ധമുണ്ടാകാൻ കാരണമെന്ത് എന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവെച്ചത് സമൂഹത്തിൽ കലാപാഹ്വാനം നടത്താൻ ശ്രമിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. നിയമപരമായി മുന്നോട്ട് പോകുമെന്നാണ് കോൺഗ്രസ് പറഞ്ഞത്.