തിരുവനന്തപുരം: കോൺഗ്രസിന്റെ സമരവേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ളവരിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ച് മുൻ സി പി എം നേതാവ് ഐഷ പോറ്റി. പാർട്ടിയിൽ തുടർച്ചയായി അവഗണിക്കപ്പെട്ടുവെന്നും ഇനി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമായതിനാലാണ് കടുത്ത തീരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കി.(Can't blame anyone, Aisha Potty joins Congress)
സിപിഎം അണികളോട് തനിക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ പാർട്ടിക്കുള്ളിലെ ചില വ്യക്തികളുടെയും നേതൃത്വത്തിന്റെയും നിലപാടുകളാണ് തന്നെ അകറ്റിയത്. "വർഗ്ഗ വഞ്ചക" എന്ന വിളി പ്രതീക്ഷിക്കുന്നുണ്ടെന്നും, എന്നാൽ താൻ എക്കാലവും "മനുഷ്യ പക്ഷത്ത്" തന്നെയായിരിക്കുമെന്നും അവർ ആവർത്തിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ ഐഷ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മൂന്ന് തവണ ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച അവർക്ക് അവിടെ ശക്തമായ വ്യക്തിബന്ധങ്ങളുണ്ട്.
ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപഴകാൻ മടിക്കുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു. താൻ എന്നും മനുഷ്യ പക്ഷത്തായിരിക്കുമെന്നും കൂട്ടിച്ചേർത്തു. 2006-ൽ ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചുകൊണ്ടാണ് ഐഷ പോറ്റി കൊട്ടാരക്കരയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. തുടർന്ന് മൂന്ന് തവണ അവർ കൊട്ടാരക്കരയെ പ്രതിനിധീകരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയായിരുന്ന ഐഷ പോറ്റിയെ മാറ്റി കെ.എൻ. ബാലഗോപാലിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചതോടെയാണ് പാർട്ടി നേതൃത്വവുമായി അവർ അകന്നത്. പിന്നീട് കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്നും അവരെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷം കൊട്ടാരക്കരയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുത്തതോടെയാണ് അവർ കോൺഗ്രസിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇത് സന്തോഷ നിമിഷമെന്നാണ് വി ഡി സതീശൻ പറഞ്ഞത്.