നെടുമ്പാശേരി : തീവണ്ടിയിൽ നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടയിൽ യുവതി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിംഗ് (24)നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തേക്ക് തീവണ്ടിയിൽ നിന്നും ചില പൊതികൾ വലിച്ചെറിയുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് പൊതികൾ ശേഖരിച്ച് പോവുകയായിരുന്ന യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ബാഗിൽ നാല് പൊതികളിലായി 8 കിലോ കഞ്ചാവ് ഉണ്ടായിരുന്നു.
റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാർ പുതിയന്ത്രം പരീക്ഷിച്ചത്. ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടു വയ്ക്കും. തീവണ്ടിയിൽ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോൾ പുറത്തേക്ക് എറിയും. അവിടെ കാത്തു നിൽക്കുന ആളുകൾ കഞ്ചാവുമായി സ്ഥലം വിടും. ഇവർ നേരത്തെ ഈ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.