പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബിജെപിയിൽ വിഭാഗീയത രൂക്ഷമാകുന്നു. മുൻ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. പ്രമീള അഴിമതിക്കാരിയാണെന്നും അത്തരമൊരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.(Candidate fight in Palakkad BJP, A faction files complaint against Prameela Sasidharan)
പ്രമീള ശശിധരനെതിരെ ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങൾ അടങ്ങിയ പരാതികൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നഗരസഭാ അധ്യക്ഷയായിരുന്ന കാലത്തെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
ജില്ലാ കമ്മിറ്റിയിൽ ഭൂരിഭാഗം പേരും പ്രശാന്ത് ശിവന്റെ പേരാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഒരു വിഭാഗം പ്രമീളയുടെ പേരും നിർദ്ദേശിച്ചതോടെയാണ് എതിർ വിഭാഗം പരസ്യമായ പരാതിയുമായി രംഗത്തെത്തിയത്. മണ്ഡലത്തിൽ ബിജെപിക്ക് വലിയ സ്വാധീനമുള്ളതിനാൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. കൂടാതെ, നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെ ഇറക്കി മണ്ഡലം പിടിക്കാനുള്ള ചർച്ചകളും ഒരു വശത്ത് നടക്കുന്നുണ്ട്.