മലപ്പുറം : മലപ്പുറം ജില്ലയിൽ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർഥിയായ വെട്ടത്ത് ഹസീന (52) മരണപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ഇന്നലെ രാത്രിയാണ് ദാരുണസംഭവം നടന്നത്. പായിമ്പാടം അങ്കണവാടി അധ്യാപികയയ ഹസീന മുസ്ലീം ലീഗിന്‍റെ സജീവ പ്രവർത്തകയായിരുന്നു.രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വീട്ടിലെത്തിച്ച് ഖബറടക്കി.