കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോല്പിച്ച് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്

കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോല്പിച്ച് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്
SIDDHARTH DWIVEDI
Published on

തിരുവനന്തപുരം : കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് 33 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 19ആം ഓവറിൽ 216 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കാലിക്കറ്റിൻ്റെ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.

ക്യാപ്റ്റൻ്റെ ഇന്നിങ്സുമായി രോഹൻ കുന്നുമ്മൽ തന്നെയായിരുന്നു ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. രോഹൻ്റെ തകർപ്പൻ തുടക്കമായിരുന്നു കാലിക്കറ്റിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. ഫോറിൻ്റെയും സിക്സിൻ്റെയും പെരുമഴ പെയ്യിച്ച രോഹൻ വെറും 19 പന്തുകളിലായിരുന്നു അർദ്ധ സെഞ്ച്വറി തികച്ചത്. ഈ സീസണിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി കൂടിയായിരുന്നു ഇത്. കഴിഞ്ഞ മല്സരങ്ങളിൽ നിറം മങ്ങിയ സച്ചിൻ സുരേഷും രോഹന് മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് വെറും 8.2 ഓവറിൽ കാലിക്കറ്റിൻ്റെ സ്കോർ നൂറ് കടത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ സച്ചിൻ സുരേഷ് മടങ്ങി. 19 പന്തുകളിൽ 28 റൺസാണ് സച്ചിൻ നേടിയത്. 12ആം ഓവറിൽ രോഹൻ കുന്നുമ്മലും പുറത്തായി. ആറ് റൺസ് വ്യത്യാസത്തിലാണ് രോഹന് അർഹിച്ച സെഞ്ച്വറി നഷ്ടമായത്. 43 പന്തുകളിൽ ആറ് ഫോറും എട്ട് സിക്സും അടക്കമാണ് രോഹൻ 94 റൺസ് നേടിയത്.

മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന അജ്നാസും അഖിൽ സ്കറിയയും തകർത്തടിച്ചപ്പോൾ കാലിക്കറ്റിൻ്റെ ഇന്നിങ്സ് വീണ്ടും കുതിച്ചു പാഞ്ഞു. ഏഴോവറിൽ ഇരുവരും ചേർന്ന് നേടിയത് 96 റൺസാണ്. 19ആം ഓവറിലെ അവസാന പന്തിൽ അർദ്ധ സെഞ്ച്വറിയ്ക്ക് ഒരു റൺ അകലെ അജ്നാസ് മടങ്ങി. 33 പന്തുകളിൽ മൂന്ന് ഫോറും നാല് സിക്സും അടക്കമാണ് അജിനാസ് 49 റൺസ് നേടിയത്. മറുവശത്ത് വെറും 19 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 45 റൺസുമായി അഖിൽ സ്കറിയ പുറത്താകാതെ നിന്നു. സൽമാൻ നിസാർ അഞ്ച് പന്തുകളിൽ നിന്ന് 13ഉം മനുകൃഷ്ണൻ രണ്ട് പന്തുകളിൽ നിന്ന് 10 റൺസും നേടി.

സഞ്ജു സാംസൻ്റെ അഭാവത്തിൽ വിനൂപ് മനോഹരനും മൊഹമ്മദ് ഷാനുവും ചേർന്നായിുരന്നു കൊച്ചിയ്ക്ക് വേണ്ടി ഇന്നിങ്സ് തുറന്നത്. വലിയ ലക്ഷ്യം മുന്നിൽ നില്ക്കെ, അതിന് യോജിച്ച തകർപ്പൻ തുടക്കം തന്നെയായിരുന്നു കൊച്ചിയുടേത്. ആദ്യ ഓവറുകളിൽ വിനൂപ് മനോഹരനായിരുന്നു നിറഞ്ഞാടിയത്. എന്നാൽ സ്കോർ 42ൽ നില്ക്കെ വിനൂപ് റണ്ണൌട്ടായത് കൊച്ചിക്ക് തിരിച്ചടിയായി. 17 പന്തുകളിൽ 36 റൺസുമായി ഉജ്ജ്വലമായി ബാറ്റ് ചെയ്യുമ്പോഴായിരുന്നു വിനൂപ് മടങ്ങിയത്. വിനൂപ് പുറത്തായതോടെ തകർത്തടിച്ച മൊഹമ്മദ് ഷാനുവിൻ്റെ മികവിൽ എട്ടാം ഓവറിൽ കൊച്ചിയുടെ സ്കോർ 100 കടന്നു. എന്നാൽ ഷാനുവിനെ പുറത്താക്കി അഖിൽ സ്കറിയ ടീമിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 22 പന്തുകളിൽ 53 റൺസാണ് ഷാനു നേടിയത്. തൊട്ടടുത്ത ഓവറുകളിൽ നിഖിൽ തോട്ടത്തും അജീഷും സാലി സാംസനും മടങ്ങിയതോടെ കൊച്ചിയുടെ പ്രതീക്ഷകൾ മങ്ങി. കൂറ്റൻ ഷോട്ടുകളിലൂടെ നിലയുറപ്പിക്കാൻ ശ്രമിച്ച ആൽഫി ഫ്രാൻസിസിനെയും അഖിൽ തന്നെ മടക്കി. 38 റൺസെടുത്ത കെ ജെ രാകേഷിനെ മനു കൃഷ്ണനും പുറത്താക്കി.

എന്നാൽ ഒരറ്റത്ത് മുഹമ്മദ് ആഷിഖ് എത്തിയതോടെ കളി വീണ്ടും ആവേശ നിമിഷങ്ങിലേക്ക് വഴി മാറി. ആഷിഖിൻ്റെ ബാറ്റിൽ നിന്ന് സിക്സുകൾ തുടർക്കഥയായപ്പോൾ കൊച്ചിയുടെ ആരാധകർക്ക് പ്രതീക്ഷയേറി. എന്നാൽ വീണ്ടുമൊരിക്കൽക്കൂടി രക്ഷകനായി അഖിൽ സ്കറിയ അവതരിച്ചപ്പോൾ കൊച്ചിയുടെ ഇന്നിങ്സ് 19ആം ഓവറിൽ തന്നെ അവസാനിച്ചു. വെറും 11 പന്തുകളിൽ അഞ്ച് സിക്സും ഒരു ഫോറും അടക്കം 38 റൺസ് നേടിയ ആഷിക്കിനെ അഖിൽ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. ഓവറിലെ അവസാന പന്തിൽ അഫ്രാദിനെയും മടങ്ങി അഖിൽ ടീമിനെ വിജയത്തിലെത്തിച്ചു. നാലോവറിൽ 37 റൺസ് വിട്ടുകൊടുത്താണ് അഖിൽ സ്കറിയ നാല് വിക്കറ്റ് വീഴ്ത്തിയത്. അൻഫലും മനു കൃഷ്ണനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. വിജയത്തോടെ ആറ് പോയിൻ്റുമായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

Related Stories

No stories found.
Times Kerala
timeskerala.com