2026 ഓടെ കേരളത്തിലെ വയോജനങ്ങൾ ആകെ ജനസംഖ്യയുടെ 25% ആകും: മന്ത്രി ആർ. ബിന്ദു

2026 ഓടെ കേരളത്തിലെ വയോജനങ്ങൾ ആകെ ജനസംഖ്യയുടെ 25% ആകും: മന്ത്രി ആർ. ബിന്ദു
Published on

2026-ഓടെ കേരളത്തിലെ വയോജനങ്ങളുടെ എണ്ണം സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 25 ശതമാനം ആകുന്ന സാഹചര്യത്തെ സംസ്ഥാന സർക്കാർ ഗൗരവകരമായി കാണുന്നതായി ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഇന്ത്യയിലെ വയോജന പരിചരണത്തിലെ ശാക്തീകരണം എന്ന വിഷയത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മറ്റ് പങ്കാളികളുടേയും കൂടിയാലോചനയും കാഴ്ചപ്പാടുകളും തേടുന്നതിനായി, നീതി ആയോഗ് സ്റ്റേറ്റ് സപ്പോർട്ട് മിഷന് കീഴിൽ തിരുവനന്തപുരം ഐ.എം.ജിയിൽ നടന്ന ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ വയോജനങ്ങൾ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇപ്പോൾ തന്നെ പ്രവർത്തിച്ചു തുടങ്ങേണ്ടതുണ്ട്. ഇന്ത്യയിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് വയോജനങ്ങളുടെ എണ്ണം വർധിക്കുന്ന സംസ്ഥാനമെന്ന നിലയിൽ സമഗ്രമായ ഒരു പരിചരണ ചട്ടക്കൂട് ആവശ്യമാണ്. വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ രാജ്യത്തുടനീളമുള്ള നയരൂപീകരണ വിദഗ്ധർ, വിശിഷ്ട വ്യക്തികൾ എന്നിവർ ശിൽപശാലയിൽ ഒരുമിക്കുന്നു എന്നത് സന്തോഷകരമാണ്. നിലവിൽ, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 11.1 ശതമാനം 60 വയസ്സിന് മുകളിലുള്ളവരാണ് എന്നാണ് കണക്കാക്കുന്നത്. അണുകുടുംബ ഘടനയിലേക്ക് സമൂഹം മാറിക്കഴിഞ്ഞതിനാൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുക എന്ന രീതി കുടുംബബന്ധങ്ങളിലും കാണുന്നുണ്ട്. പ്രായമായവരുടെ വർദ്ധിച്ചുവരുന്ന സാമൂഹിക, ആരോഗ്യ സംരക്ഷണ ആവശ്യങ്ങളിൽ ശിൽപശാല ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാരീരിക ആരോഗ്യത്തോടൊപ്പം വയോജനങ്ങളുടെ മാനസികവും സാമൂഹികവുമായ ക്ഷേമത്തെ അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണ്. വയോജനങ്ങൾ പലരും ഏകാന്തതയും അവഗണനയും നേരിടുന്നു. നിരവധി പ്രധാന സംരംഭങ്ങളിലൂടെ മുതിർന്നവരോടുള്ള പരിചരണത്തിലെ സജീവമായ സമീപനത്തിന് കേരളം പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com