

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ റീച്ച് ലഭിക്കുന്നതിനായി ബസ് യാത്രക്കാരെയും ജീവനക്കാരെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ബസുകളിൽ സ്റ്റിക്കർ പതിച്ച് ജീവനക്കാർ. വടകര, പേരാമ്പ്ര റൂട്ടിലോടുന്ന ബസുകളിലാണ് 'ഇൻസ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രവേശനമില്ല' എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പയ്യന്നൂർ മേഖലയിൽ ഓടുന്ന 'അൽ അമീൻ' ബസിൽ വെച്ച് ഒരു യുവതി പകർത്തിയ വീഡിയോ വലിയ വിവാദമായിരുന്നു. തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന തരത്തിൽ യുവതി പ്രചരിപ്പിച്ച ദൃശ്യങ്ങൾ യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചിരുന്നു. ഇതേത്തുടർന്നുള്ള പ്രതിഷേധമായാണ് പുതിയ സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നത്.
ദീപക്കിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ വീഡിയോയെക്കുറിച്ച് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് ബസ് കണ്ടക്ടർ പറഞ്ഞു. ബസ് ഉടമ വിളിച്ച് ചോദിച്ചപ്പോഴാണ് ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. വീഡിയോ ചിത്രീകരിച്ച സമയത്ത് ബസിൽ അമ്പതിലേറെ യാത്രക്കാരുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രിപ്പായതിനാൽ കനത്ത തിരക്കായിരുന്നു.
അന്ന് ബസിൽ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തതയുണ്ടാകാൻ സാധ്യത കുറവാണെന്നും ജീവനക്കാർ പറഞ്ഞു. ഒരു സംഭവത്തിന്റെ പേരിൽ സ്ത്രീകളെ മൊത്തത്തിൽ തടയുന്ന തരത്തിലുള്ള സ്റ്റിക്കറുകൾ പതിപ്പിക്കുന്നത് ശരിയല്ലെന്ന് യാത്രക്കാർക്കിടയിൽ അഭിപ്രായമുണ്ട്. ഇത് സ്ത്രീവിരുദ്ധമായ നിലപാടാണെന്നും ഇത്തരം ബോർഡുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.