ഇടുക്കി: അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളുമായി വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.(Bus and jeep collide in Idukki, 10 injured)
കുമളിയിൽ നിന്ന് കട്ടപ്പനയിലേക്ക് പോവുകയായിരുന്ന ബസിനു നേർക്ക് ജീപ്പ് പാഞ്ഞടുത്ത് കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ജീപ്പിൽ ഇരുപതോളം പേരുണ്ടായിരുന്നു. കൂട്ടിയിടിയിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. ജീപ്പിന്റെ ഒരു വാതിൽ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ഉൾപ്പെടെ പുറത്തെടുത്തത്. പ്രദേശവാസികളും ബസിലുണ്ടായിരുന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പരിക്കേറ്റവരെ ആദ്യം അണക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളുമായി എത്തുന്ന ജീപ്പുകൾ അമിതവേഗതയിൽ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിരമായി പരാതികൾ ഉയർന്നിരുന്നു. ഈ മേഖലയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നുവെന്നും ആരോപണമുണ്ട്.