

കാഞ്ഞങ്ങാട്: അതിഞ്ഞാൽ അജാനൂർ ഗവ. മാപ്പിള എൽ.പി സ്കൂളിൽ വൻ മോഷണം. അഞ്ച് ലാപ്ടോപ്പുകളും കുട്ടികളുടെ സമ്പാദ്യ പദ്ധതിയിലെ പണവുമാണ് കവർന്നത്. വെള്ളിയാഴ്ച രാവിലെ സ്കൂൾ തുറക്കാനായി ജീവനക്കാരൻ എത്തിയപ്പോഴാണ് ഓഫീസും ക്ലാസ് മുറികളും തകർത്ത നിലയിൽ കണ്ടെത്തിയത്.
സ്കൂൾ ഓഫീസിന്റെയും ക്ലാസ് റൂമുകളുടെയും ഗോഡൗണിന്റെയും പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്.
കുട്ടികളുടെ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്ന അഞ്ച് ലാപ്ടോപ്പുകൾ നഷ്ടപ്പെട്ടു. വിദ്യാർത്ഥികളുടെ സമ്പാദ്യ പദ്ധതിയായ സഞ്ചയിക യിൽ നിക്ഷേപിച്ചിരുന്ന പണവും മോഷ്ടാവ് കവർന്നു. ഓഫീസ് മുറിയിലെ അലമാരകളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു.
സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ലാപ്ടോപ്പുകൾ നഷ്ടപ്പെട്ടത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും.