ആലപ്പുഴ: കാർത്തികപ്പള്ളിയിലെ ഒരു സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താനായി സ്കൂൾ അധികൃതർ നടത്തിയ ബാഗ് പരിശോധനയിലാണ് സംഭവം.(Bullets found in school student's bag in Alappuzha)
കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് പരിശോധനയ്ക്കിടെ അധ്യാപകർ കണ്ടെടുത്തത്. ഉടൻ തന്നെ സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കുന്നതിനിടെയാണ് ഒരു കുട്ടിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയത്. പോലീസ് ചോദ്യം ചെയ്തപ്പോൾ, ട്യൂഷന് പോയപ്പോൾ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകൾ വീണുകിട്ടിയതാണെന്നാണ് വിദ്യാർത്ഥി മൊഴി നൽകിയത്. വെടിയുണ്ടകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവ വിദഗ്ധ പരിശോധനയ്ക്കായി അയക്കുമെന്ന് പോലീസ് അറിയിച്ചു.
വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താനായി ഇടവേള സമയങ്ങളിൽ കുട്ടികളുടെ ബാഗുകൾ സ്കൂളിൽ വെച്ച് പരിശോധിക്കാറുണ്ടെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. ഈ പതിവ് പരിശോധനയ്ക്കിടെയാണ് അപ്രതീക്ഷിതമായി വെടിയുണ്ടകൾ കണ്ടെത്തിയത്. വിഷയത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. വെടിയുണ്ടകളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.