പാലക്കാട്: തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. കെ.ഡി. പ്രസന്നൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം ബജറ്റ് വിഹിതം ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്.(Bridge in Palakkad broke and fell after its inauguration)
തൂക്കുപാലം, ഓപ്പൺ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾക്കായി അഞ്ച് കോടി രൂപയാണ് ചിലവഴിച്ചത്. ഉദ്ഘാടനത്തിനിടയിൽ തന്നെ കൈവരികൾ പൊട്ടിവീഴുന്നത് ചില ആളുകൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
അഞ്ച് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച പാലത്തിൻ്റെ കൈവരികൾ തകർന്നതോടെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഉടൻ തന്നെ വിഷയം പരിഹരിക്കാമെന്ന ഉറപ്പാണ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നൽകിയിരിക്കുന്നത്. പാലത്തിന് പുറമേ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവും ഓപ്പൺ സ്റ്റേജും ഉൾപ്പെടെയുള്ള വിപുലമായ പദ്ധതിയായിരുന്നു ഇത്.