തിരുവനന്തപുരം : ബിൽ മാറാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 5 വർഷം കഠിന തടവ്. കേരള വാട്ടർ അതോറിറ്റി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജോൺ കോശിയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. തടവിന് പുറമേ 75,000 രൂപ പിഴയും പ്രതി ഒടുക്കണം.
പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിൽ 2017- 18 വർഷത്തിൽ അമൃത് പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രവൃത്തികളിൽ ബില്ലുകൾ പാസാക്കി നൽകിയതിന് 25,000 രൂപ കൈക്കൂലി വാങ്ങിയതിന് 2021ലാണ് ജോൺ കോശിയെ വിജിലൻസ് പിടികൂടിയത്. പരാതിക്കാരന്റെ മകൻ ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള 110 എംഎം എസി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയിരുന്നു.
കൈക്കൂലി നൽകാത്തതിനാൽ ബിൽ മാറാതെ 16 മാസം തടഞ്ഞുവെച്ചു. തുടർന്ന് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. അതിന് ശേഷം കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തപ്പോൾ മാത്രമാണ് ജോൺ കോശി ബിൽ മാറി നൽകിയത്. എന്നാൽ ബിൽ മാറിയ ശേഷം വീണ്ടും കൈക്കൂലി ആവശ്യപ്പെട്ട ജോൺ കോശി, പരാതിക്കാരനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങവെയാണ് വിജിലൻസിന്‍റെ പിടിയിലായത്.