
കോട്ടയം: അധ്യാപകരുടെ പുനർനിയമന തട്ടിപ്പിൽ രണ്ടാം പ്രതി സുരേഷ് ബാബു വിജിലൻസ് പിടിയിയിൽ.പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബുവാണ് കോട്ടയം വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്.
ശനി ഉച്ചയോടെ തിരുവനന്തപുരം പള്ളിക്കൽ മൂതലയിലുള്ള വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സെക്രട്ടറിയറ്റിലെ അസി. സെക്‌ഷൻ ഓഫീസറായ സുരേഷ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
കോഴിക്കോട് വടകരയിലെ മുൻ പ്രഥമാധ്യാപകൻ കെ പി വിജയനാണ് ഒന്നാം പ്രതി. ഇയാൾ പാലായിലെ എയ്‌ഡഡ് സ്‌കൂളിലെ അധ്യാപകരിൽനിന്നാണ് പണം വാങ്ങിയത്. പുനർനിയമനം ക്രമപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിൽ ഒന്നര ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. വിജയന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് സുരേഷ് ബാബുവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിജിലൻസിന് ലഭിച്ചത്.