ധീരസഖാവേ വി എസേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ ; സ്നേഹാദരം ഏറ്റുവാങ്ങി വിഎസ്‌ മടങ്ങുന്നു....|VS Achuthanandan

വിലാപയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം ജനം തടിച്ചുകൂടുന്നു.
v s achuthanandan
Published on

തിരുവനന്തപുരം : അനന്തപുരിയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസിന്റെ അവസാനയാത്രക്ക് ആയിരങ്ങളാണ് ഒഴുക്കിയെത്തുന്നത്. ചുറ്റിനും ഒരേ മുദ്രാവാക്യം ധീരസഖാവേ വി എസേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് നിറകണ്ണുകളോടെ ആയിരങ്ങൾ അദ്ദേഹത്തിനോടൊപ്പം നീങ്ങുന്നു.

വി എസിനെ യാത്രയാക്കുന്നതിനായി തിരുവനന്തപുരം നഗരത്തിന്റെ നാനാഭാഗത്തും തടിച്ചുകൂടിയത് വൃദ്ധരും മധ്യവയസ്കരും ചെറുപ്പക്കാരും മാത്രമല്ല, കുട്ടികൾ കൂടിയാണ്.സമര തീക്ഷ്ണമായ ജീവിതംകൊണ്ട് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ നേതാവായി മാറിയ വിഎസിന് ആദരപൂർണ്ണമായ യാത്രാമൊഴിയാണ് തിരുവനന്തപുരം നൽകിയത്.ഇനി ഒരു മടങ്ങിവരവില്ലെന്ന സത്യം എല്ലാവർക്കും അറിയാം. ആറുവർഷത്തോളമായി വിശ്രമ ജീവിതം നയിക്കുന്ന വിഎസ് അച്യുതാനന്ദൻ എന്ന വിപ്ലവസൂര്യൻ ഏത് വിധത്തിലാണ് മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് ഈ വിലാപയാത്ര നൽകുന്നത്.

വിവിധ ജില്ലകളിൽ നിന്ന് വിഎസിന്റെ അനുയായികളും ആരാധകരും തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. പാർട്ടിയിലെ പോരാട്ട കാലത്ത് വിഎസിനൊപ്പം നിന്ന പ്രമുഖർ എല്ലാം അവസാനമായി അദ്ദേഹത്തെ കണ്ടു.ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു.

രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാണ് വിലാപയാത്ര ആരംഭിച്ചത്. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞിരിക്കുന്ന ജനങ്ങൾക്കു നടുവിലൂടെ വളരെ പതിയെയാണ് വിലാപയാത്ര കടന്നുപോക്കുന്നത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് വി എസിന്റെ മൃതദേഹം ആലപ്പുഴയിലെത്തിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ വി എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ക്രമീകരണമൊരുക്കും.

രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത്‌ വീട്ടിലേക്കാണ് വി എസ് അവസാനയാത്രയ്ക്കായി എത്തുന്നത്. സർ സിപിയുടെ കൂലിപ്പട്ടാളത്തിനെതിരായ പോരാട്ടഭൂമികയ്‌ക്ക്‌ വേലിക്കകത്ത്‌ വീടും ഭാഗമായിട്ടുണ്ട്. ബുധൻ രാവിലെ 9 മണിവരെ ഇവിടെയും തുടർന്ന് 10 മണിയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും. ശേഷം 11 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദർശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടിൽ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.

Related Stories

No stories found.
Times Kerala
timeskerala.com