കോട്ടയം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മ ഉലഹന്നാന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്തു. കോട്ടയം പാല മുണ്ടുപാലം പുത്തേട്ടുകുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.
ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിലേക്കും മറ്റൊന്ന് അമൃത ആശുപത്രിയിലേക്കും കരൾ കാരിത്താസ് ആശുപത്രിയിലേക്കും നേതൃപടലങ്ങൾ ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നൽകിയത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
നവംബർ അഞ്ചിന് രാത്രി 10.30ന് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടൻ പാലയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം കാരിത്താസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. നവംബർ പതിനൊന്നിന് മസ്തിഷ്കമരണം സംഭവിച്ചതോടെ കുടുംബങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.