
തിരുവനന്തപുരം : സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാനൊരുങ്ങി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍). ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറി സ്ഥിതി ചെയ്യുന്ന അമ്പലമുഗളില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച നാലുവരി പാതയ്ക്ക് 25.12 കോടി രൂപയും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച് സെന്ററില്‍ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കുമായി താമസസൗകര്യം ഒരുക്കുന്നതിന് 11.34 കോടി രൂപയും വകയിരുത്തി. ഇതുസംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബിപിസിഎല്ലിന്റെ സിഎസ്ആര്‍ വിഭാഗമാണ് പദ്ധതികള്‍ക്കായി തുക ചെലവഴിക്കുന്നത്.
എറണാകുളത്തിന്റെ വ്യവസായിക ഹബ്ബായ അമ്പലമുഗളില്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്നാണ് റോഡ് വികസനം നടത്തുന്നത്. കൂടാതെ, ചിത്രപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മിക്കുമെന്നും ബിപിസിഎല്‍ അറിയിച്ചു. കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച് സെന്ററില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി താമസസൗകര്യം ഒരുക്കുന്നതിന് പുതിയ കെട്ടിടം പണിയും. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുക. രോഗികളും കൂട്ടിരിപ്പുകാരുമായി 185 ആളുകള്‍ക്ക് ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് കെട്ടിടം സജീകരിക്കുന്നത്. കാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാകും ഈ പദ്ധതി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ക്രിയാത്മക ഇടപെടലാണ് നടത്തുന്നതെന്ന് ബിപിസിഎല്‍ അധികൃതര്‍ അറിയിച്ചു.
സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ്, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ചെയര്‍മാന്റെയും എംഡിയുടെയും അധിക ചുമതല വഹിക്കുന്ന ബിപിസിഎല്‍ റിഫൈനറി ഡയറക്ടര്‍ സഞ്ജയ് ഖന്ന, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ്, പി വി ശ്രീനിജന്‍ എംഎല്‍എ, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശങ്കര്‍ എം, എച്ച് ആര്‍ വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, അഡ്മിനിസ്‌ട്രേഷന്‍ ജിഎം ജോണ്‍സന്‍ കെ, റീടെയ്ല്‍ വിഭാഗം മേധാവി ഹരികിഷന്‍ വി ആര്‍, സീനിയര്‍ മാനേജര്‍ (പിആര്‍) വിനോദ് ടി മാത്യു, സിഎസ്ആര്‍ വിഭാഗം ചീഫ് മാനേജര്‍ വിനീത് എം വര്‍ഗീസ്, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച് സെന്റര്‍ ഡയറക്ടര്‍ ഡോ. പി ജി ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.