

കോഴിക്കോട്: മെഡിക്കൽ കോളേജിന് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.(Bomb threat at Kozhikode Medical College, Bomb squad and police are investigating)
സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. ഒപി വിഭാഗം, പാർക്കിംഗ് ഏരിയകൾ, ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് നിലവിൽ പരിശോധന നടക്കുന്നത്. മൂന്ന് ആർഡിഎക്‌സ് (RDX) ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇമെയിൽ സന്ദേശത്തിൽ പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് 1:35-ന് മുൻപ് ആശുപത്രിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്നാണ് ഇമെയിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു മണിക്കൂറിലധികം നീണ്ട പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും ആശുപത്രിയുടെ എല്ലാ ഭാഗങ്ങളും വിശദമായി പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ഇമെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം വന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.