തിരുവനന്തപുരം: കേരളത്തിലെ കോടതി സമുച്ചയങ്ങളെ ഞെട്ടിച്ച് പരമ്പര ബോംബ് ഭീഷണി. ഇടുക്കി, കാസർഗോഡ്, മലപ്പുറം (മഞ്ചേരി), പത്തനംതിട്ട ജില്ലാ കോടതികളിലാണ് ഇമെയിൽ വഴി ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ശ്രീലങ്കൻ ഈസ്റ്റർ സ്ഫോടന മാതൃകയിൽ ആക്രമണം നടത്തുമെന്ന ഭീകരമായ മുന്നറിയിപ്പാണ് സന്ദേശത്തിലുള്ളത്.(Bomb threat at 4 courts in Kerala, Suicide bomb attack warning)
ഇടുക്കി കോടതിയിലേക്ക് വന്ന സന്ദേശത്തിന് പിന്നിൽ 'തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ' ആണെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് അസ്ലം വിക്രം എന്നയാളുടെ പേരിലാണ് ഇമെയിൽ ലഭിച്ചിരിക്കുന്നത്. കോടതി പരിസരത്ത് റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നു.
കാസർഗോഡ് പുലർച്ചെ 3:22-ന് ലഭിച്ച സന്ദേശത്തിൽ 3 ആർ.ഡി.എക്സ് (RDX) ഉപയോഗിച്ചുള്ള ചാവേർ ആക്രമണത്തെക്കുറിച്ച് പറയുന്നു. ഉച്ചയ്ക്ക് 1:15-ന് മുൻപായി ജഡ്ജിമാരെ ഒഴിപ്പിക്കണമെന്നായിരുന്നു അന്ത്യശാസനം.
കാസർഗോഡ് വിദ്യാനഗർ കോടതി സമുച്ചയത്തിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒഴിപ്പിക്കുകയും ജീവനക്കാരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഇടുക്കിയിൽ കോടതി നടപടികൾ നിർത്തിവെച്ച് സായുധ പോലീസ് സംഘം വിശദമായ തിരച്ചിൽ നടത്തുകയാണ്. മഞ്ചേരിയിൽ കോടതിയുടെ ഔദ്യോഗിക മെയിലിലേക്ക് വന്ന ഭീഷണിക്ക് പിന്നാലെ ബോംബ് സ്ക്വാഡ് പരിശോധന തുടരുന്നു. മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ പ്രവർത്തിക്കുന്ന പത്തനംതിട്ട കോടതി സമുച്ചയത്തിലും അതീവ ജാഗ്രതയോടെയാണ് പോലീസ് പരിശോധന നടത്തുന്നത്.
ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ലഭിച്ച ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം സമാനമായ സന്ദേശങ്ങൾ എത്തിയത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.