കണ്ണൂർ: പയ്യന്നൂരിൽ പോലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ സി.പി.എം. പ്രവർത്തകരായ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ പയ്യന്നൂർ നഗരസഭയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും ഉൾപ്പെടുന്നു.(Bomb case accused including LDF candidate, found guilty)
സി.പി.എം. പ്രവർത്തകരായ ടി.സി.വി. നന്ദകുമാർ, വി.കെ. നിഷാദ് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി (ജഡ്ജി കെ.എൻ. പ്രശാന്ത്) കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.
പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും (ഐ.പി.സി. 307), സ്ഫോടക വസ്തു നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ഒരാളായ വി.കെ. നിഷാദ് പയ്യന്നൂർ നഗരസഭയിൽ 46-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റുമാണ്.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി. ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വെച്ച് നിഷാദ് അടക്കമുള്ള പ്രതികൾ പോലീസിനെതിരെ ബോംബ് എറിയുകയായിരുന്നു. പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.