കൊച്ചി: തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി. ലൈംഗിക തൊഴിലാളിയായ യുവതിയെ വീട്ടുടമസ്ഥൻ ജോർജ്ജ് ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായ ജോർജ്ജ് കുറ്റം സമ്മതിച്ചു.(Body wrapped in sack belongs to sex worker, George confesses to crime)
ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കൊല്ലപ്പെട്ട സ്ത്രീയെ ജോർജ്ജ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായി. തർക്കത്തിനൊടുവിൽ മദ്യലഹരിയിലായിരുന്ന ജോർജ്ജ്, മുറിയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
അർദ്ധരാത്രിയോടുകൂടിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ ജോർജ്ജ് ശ്രമിച്ചു. പുലർച്ചെ നാലരയോടെ തൊട്ടടുത്ത കടകളിൽ ചെന്ന് ഇയാൾ ചാക്ക് തിരക്കിയിരുന്നു. പട്ടിയോ പൂച്ചയോ ചത്തുകിടക്കുന്നു, മറവ് ചെയ്യാൻ വേണ്ടിയാണ് എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. അയൽവാസികളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചാക്കിൽ മൃതദേഹം കെട്ടി, വളരെ തിരക്കേറിയ സ്ഥലമായ വീടിന്റെ വഴിയിലേക്ക് കൊണ്ടുവരുന്നതിനിടെ ജോർജ്ജ് തളർന്നു വീണതാകാം എന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെ പ്രദേശത്തെത്തിയ ഹരിത കർമ്മ സേനാംഗങ്ങളാണ് വഴിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹവും, അതിനടുത്ത് അബോധാവസ്ഥയിലായിരുന്ന ജോർജ്ജിനെയും ആദ്യം കണ്ടത്.
കൗൺസിലർ വഴി വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി ജോർജ്ജിനെ കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ രക്തക്കറ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിയാണ് എന്നാണ് പ്രാഥമിക സംശയം. മരിച്ച യുവതിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.