തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലാബിൽ പരിശോധനയ്ക്ക് വേണ്ടി കൊണ്ടുവന്ന ശരീരഭാഗങ്ങൾ ആക്രിക്കാരൻ കൈക്കലാക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ മറ്റ് അട്ടിമറിയൊന്നും ഉണ്ടായിട്ടില്ലെന്നും ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി കണ്ട സാംപിൾ ആക്രി സാധനങ്ങൾ ആണെന്ന് കരുതി ഇയാൾ കൈക്കലാക്കിയതാണെന്നും പൊലീസ് പറഞ്ഞു.
എന്നാൽ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സാംപിൾ അലക്ഷ്യമായ രീതിയിൽ പടിക്കെട്ടിൽ വെച്ച് മടങ്ങിയ ജീവനക്കാരനെതിരെ മെഡിക്കൽ കോളജ് അധികൃതർ നടപടി സ്വീകരിച്ചു. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെയാണ് അന്വേഷണ വിധേയായി സസ്പെൻഡ് ചെയ്തത്.