
ഇടുക്കി: തൊടുപുഴ, ചുങ്കത്ത് നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ ഗോഡൗണിലെ മാന്‍ഹോളില്‍ മണ്ണിട്ട്മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ, തൊടുപുഴ സ്വദേശിയായ ഒരാളെയും എറണാകുളം സ്വദേശികളായ മറ്റു രണ്ടുപേരെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേർ ക്വട്ടേഷന്‍ സംഘങ്ങളാണ്.ബിജുവിന്റെ ബിസിനസ് പാര്‍ടണറായ ജോമോന്റെ നിര്‍ദേശപ്രകാരം ബിജുവിനെ കൊന്ന് കലയന്താനിയിലെ ഗോഡൗണില്‍ കുഴിച്ചുമൂടിയെന്നായിരുന്നു കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴി. വ്യാഴാഴ്ച മുതല്‍ ബിജുവിനെ കാണാനില്ലെന്ന് ഭാര്യ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.