തിരുവനന്തപുരം: മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മലയാളിയായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. ഷിപ്പിംഗ് ഡയറക്ടർ ജനറൽ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു.(Body of Kollam native died in Boat accident in Mozambique has been found)
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. എം.ടി. സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ കൊണ്ടുപോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടം നടക്കുന്ന സമയം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാർക്കായി തെരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. അപകടത്തിൽ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
എറണാകുളം പിറവം വെളിയനാട് സ്വദേശി ഇന്ദ്രജിത്ത് എന്ന 22-കാരനും കാണാതായവരിൽ ഉൾപ്പെട്ടിരുന്നു. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താൻ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് ഇന്ദ്രജിത്ത് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ നാലു വർഷമായി മൊസാംബിക്കിലെ സ്കോർപിയോ മറൈൻ എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ശ്രീരാഗ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം വീട്ടിൽ നിന്ന് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാല് വയസ്സും രണ്ട് മാസവും പ്രായമുള്ള കുഞ്ഞുമക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്. ഇന്ദ്രജിത്തിൻ്റെ പിതാവ് സന്തോഷും മൊസാംബിക്കിൽ കപ്പൽ ജീവനക്കാരനാണ്.