
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തശേഷമുള്ള വൈദ്യ പരിശോധന പൂര്‍ത്തിയായി. കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് വൈദ്യ പരിശോധന നടത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണ്ണൂരുമായി പൊലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകുന്നതിനിടെ ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊലീസ് വാഹനം തടഞ്ഞെങ്കിലും പൊലീസ് ബോബി ചെമ്മണ്ണൂരുമായി കാക്കനാട്ടെ ജയിലിലേക്ക് പുറപ്പെട്ടു. പൊലീസിന്‍റെ ഗുണ്ടായിസമാണ് ആശുപത്രിയിലും പുറത്തും നടന്നതെന്നും ശരിക്കും പരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപണം ഉന്നയിച്ചു.