ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കപ്പലിലെ ജീവനക്കാരുമായി പോയ ബോട്ട് മുങ്ങി മൂന്നുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ മലയാളി ഉൾപ്പെടെ അഞ്ചുപേരെ കാണാതായതായി അധികൃതർ അറിയിച്ചു. എം.ടി. സീ ക്വസ്റ്റ് (MT Sea Quest) എന്ന കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് മുങ്ങുമ്പോൾ ആകെ 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ 14 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കപ്പലുകളും ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഡി.ജി. ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.