കൊച്ചി: മൊസംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി.. പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പ് മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. എംടി സ്വീകസ്റ്റ് എന്ന കപ്പലിലേക്ക് ബോട്ടിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ മലയാളിയായ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം മുന്‍പ് കണ്ടെത്തിയിരുന്നു.അപകടത്തില്‍ രക്ഷപ്പെട്ട മലയാളി കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കുടുംബാംഗമാണ് ഇന്ദ്രജിത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്.