കൊടുവള്ളി ഉപജില്ലാ കലോത്സവ വേദിയിൽ ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയുടെ ഫോട്ടോ പതിച്ച പരസ്യ ബോർഡുകൾ: വിവാദം | Boards

എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോയോടു കൂടിയ പരസ്യ ബോർഡുകളാണ് ഇത്
കൊടുവള്ളി ഉപജില്ലാ കലോത്സവ വേദിയിൽ ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയുടെ ഫോട്ടോ പതിച്ച പരസ്യ ബോർഡുകൾ: വിവാദം | Boards
Published on

കോഴിക്കോട്: ഉപജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പരിസരത്ത് ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ഫോട്ടോ ഉൾപ്പെടുന്ന പരസ്യ ബോർഡുകൾ സ്ഥാപിച്ചത് വിവാദമായി. കലോത്സവത്തിനെത്തിയ വിദ്യാർത്ഥി പ്രതിഭകളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഈ ബോർഡുകൾ അനുമതിയില്ലാതെയാണ് സ്ഥാപിച്ചതെന്നും വ്യക്തമായിട്ടുണ്ട്.(Boards with the photo of the accused in the question paper leak case at Kozhikode)

ഏറെ വിവാദമായ ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോയോടു കൂടിയ സ്ഥാപനത്തിന്റെ പരസ്യ ബോർഡുകളാണ് കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിന്റെ ഇരുവശങ്ങളിലും ഇന്ന് പുലർച്ചെയോടെ പ്രത്യക്ഷപ്പെട്ടത്.

കൊടുവള്ളി മാർക്കറ്റ് റോഡിൽ നിന്ന് ആരംഭിച്ച് ഹൈസ്കൂൾ കവാടത്തിനടുത്ത് വരെയായി ഇരുപത്തഞ്ചോളം ബോർഡുകളാണ് സ്ഥാപിച്ചത്. ബോർഡുകൾ സ്ഥാപിച്ചത് യാതൊരു അനുമതിയും വാങ്ങാതെയാണ്.

നഗരസഭ അടുത്തിടെ നവീകരിച്ച നടപ്പാതയിലും ഹാൻഡ് റെയിലിലും കയ്യേറ്റം നടത്തി സ്ഥാപിച്ച ബോർഡുകൾക്ക് നഗരസഭയിൽ നിന്ന് യാതൊരു അനുമതിയും വാങ്ങിയിട്ടില്ലെന്ന് കൊടുവള്ളി നഗരസഭാധ്യക്ഷൻ അബ്ദു വെള്ളറ അറിയിച്ചു. കലോത്സവ കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് പ്രധാന വേദിയുടെ പരിസരത്ത് ബോർഡുകൾ സ്ഥാപിച്ചതെന്ന് ഉപജില്ലാ കലോത്സവ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുജീബ് ചളിക്കോട് വ്യക്തമാക്കി.

വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന പരിപാടിയിൽ ക്രിമിനൽ കേസ് പ്രതിയുടെ ചിത്രമുള്ള പരസ്യം വന്നത് കലോത്സവത്തിന്റെ ശോഭ കെടുത്തുന്നതായി പൊതുവെ അഭിപ്രായമുയർന്നിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com