തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾക്കു നേരെ പരമ്പരാഗത ടാക്സി ഡ്രൈവർമാർ നടത്തുന്ന പ്രതിഷേധങ്ങൾക്കും യാത്ര തടയലുകൾക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഈ നടപടികൾ ഗുണ്ടായിസമാണെന്നും, ആക്രമണങ്ങൾ നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.(Blocking online taxis is hooliganism, says Minister KB Ganesh Kumar)
പരമ്പരാഗത ടാക്സി ഡ്രൈവർമാർ നിലവിൽ കാണിക്കുന്ന കൈയാങ്കളിയും യാത്ര തടയലും ഗുണ്ടായിസമാണ് എന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അത്തരത്തിൽ പ്രവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതായിരിക്കും.
കൈയാങ്കളി നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചാൽ, മോട്ടോർ വെഹിക്കിൾ വിഭാഗം ഉടൻ ലൈസൻസ് സസ്പെൻഡ് ചെയ്യും. കുറ്റകൃത്യത്തിനനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ കർശന ഇടപെടൽ. നേരത്തെ ഓൺലൈൻ ടാക്സിക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി, പിന്നീട് നിലപാട് മാറ്റിയിരുന്നു. ഈ നിലപാട് മാറ്റം നിലവിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കിയതായി ഊബർ, ഓല ഡ്രൈവർമാർ പരാതിപ്പെട്ടിരുന്നു. എന്നാൽ, ടാക്സി ഡ്രൈവർമാരുടെ അതിക്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് മന്ത്രി ഇപ്പോൾ നൽകിയിരിക്കുന്നത്.