തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ബിജെപി മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി അനിൽ പ്രാദേശിക ആർഎസ്എസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ശാലിനി, ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.(BJP woman leader attempts suicide after being denied seat in Trivandrum)
വ്യക്തിഹത്യ താങ്ങാനാവാത്തതാണ് ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് ശാലിനി അനിൽ വ്യക്തമാക്കി. ആർ.എസ്.എസ്. പ്രാദേശിക നേതാക്കൾ തനിക്കെതിരെയും കുടുംബത്തിനെതിരെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപവാദം പ്രചരിപ്പിച്ചു.
"പുറത്തിറങ്ങാൻ കഴിയാത്ത മട്ടിൽ അവർ അപവാദം പറഞ്ഞുനടന്നു. കുടുംബത്തെ മൊത്തത്തിൽ വ്യക്തിഹത്യ ചെയ്തു. അവർ ഉദ്ദേശിച്ച വ്യക്തിയെ സ്ഥാനാർത്ഥിയായി തീരുമാനിക്കാതിരുന്നതോടെയാണ് വ്യക്തിഹത്യ തുടങ്ങിയത്," ശാലിനി ആരോപിച്ചു. നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത വിധമായിരുന്നു വ്യാജ പ്രചാരണം. ഭർത്താവിനോടും തന്നോടും ചിലർ ഇക്കാര്യം അറിയിച്ചിരുന്നു.
നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല വാർഡിലാണ് ശാലിനി സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നത്. ബിജെപി നേതൃത്വം തന്നെയായിരുന്നു തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ തനിക്ക് സീറ്റ് കിട്ടിയാലും ജയിക്കരുതെന്നായിരുന്നു ചിലരുടെ താൽപര്യം. ഇതുസംബന്ധിച്ച് നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു.
പ്രാദേശിക ആർഎസ്എസ് നേതൃത്വത്തിന് മാത്രമാണ് താൻ സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പുണ്ടായിരുന്നതെന്നും ശാലിനി അനിൽ പറഞ്ഞു. വ്യക്തിഹത്യ താങ്ങാനാവാതെയാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നും, തുടർന്നുള്ള കാര്യങ്ങൾ പ്രസ്ഥാനം പറയുന്നതുപോലെ ചെയ്യുമെന്നും ശാലിനി അനിൽ വ്യക്തമാക്കി. നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല അടക്കം ഏഴ് വാർഡുകളിൽ ബിജെപി ഇതുവരെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല.