കൊച്ചി: സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറികളാണ് നടക്കുന്നതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി 35 ശതമാനം വോട്ട് വിഹിതം നേടുമെന്നും മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.(BJP will get 35% votes in Kerala, says K Surendran)
മഞ്ചേശ്വരത്ത് എൽഡിഎഫും യുഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എൽഡിഎഫ് തീരുമാനം അണികൾ അംഗീകരിക്കില്ല. എൽഡിഎഫിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് പ്രവർത്തകർ കരുതുന്നു.
മുസ്ലീം ലീഗുമായുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിന് മഞ്ചേശ്വരത്തെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്റെ ‘ദുർഭരണ’ത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന ജനങ്ങൾക്ക് ഏക ബദൽ ബിജെപിയാണെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു.

