

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മണ്ഡലത്തിനായി രംഗത്തെത്തിയതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്.
വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ശ്രീലേഖ
തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് ലഭിക്കാതെ പോയ ശ്രീലേഖയ്ക്ക് വട്ടിയൂർക്കാവ് മണ്ഡലം നൽകാമെന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ കെ. സുരേന്ദ്രൻ വട്ടിയൂർക്കാവിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് ശ്രീലേഖ പരസ്യമായി അതൃപ്തി അറിയിച്ചത്.
നേതൃത്വത്തിന്റെ നിലപാട്:
ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനായിരുന്നു ഔദ്യോഗിക പക്ഷത്തിന് താല്പര്യം. എന്നാൽ സുരേന്ദ്രന്റെ വരവ് കണക്കുകൂട്ടലുകൾ തെറ്റിച്ചു. വട്ടിയൂർക്കാവ് ലഭിച്ചില്ലെങ്കിൽ നെടുമങ്ങാട് അല്ലെങ്കിൽ ജില്ലയിലെ മറ്റൊരു മണ്ഡലം ശ്രീലേഖയ്ക്കായി പരിഗണിക്കുന്നുണ്ട്.
സുരേന്ദ്രന്റെ നിലപാട്
പാലക്കാട് മണ്ഡലത്തിലേക്കാണ് സുരേന്ദ്രനെ പാർട്ടി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, വിജയസാധ്യതയുള്ള വട്ടിയൂർക്കാവ് തന്നെ വേണമെന്ന നിലപാടിലാണ് സുരേന്ദ്രൻ. വട്ടിയൂർക്കാവ് ലഭിച്ചില്ലെങ്കിൽ ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന് സുരേന്ദ്രനുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മണ്ഡലത്തിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
വിജയസാധ്യതയുള്ള മണ്ഡലം
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. നേമം പോലെ തന്നെ പാർട്ടിക്ക് ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള മണ്ഡലമായതിനാലാണ് പ്രമുഖ നേതാക്കൾ ഇവിടെക്കായി അവകാശവാദം ഉന്നയിക്കുന്നത്.