തൊഴിലുറപ്പ് മേഖലയിൽ കൈ വയ്ക്കാൻ BJP: പുതിയ ആക്ഷൻ പ്ലാൻ, അമിത് ഷാ നേരിട്ട് നയിക്കും | BJP

വിമർശനങ്ങൾക്ക് മറുപടി നൽകും
തൊഴിലുറപ്പ് മേഖലയിൽ കൈ വയ്ക്കാൻ BJP: പുതിയ ആക്ഷൻ പ്ലാൻ, അമിത് ഷാ നേരിട്ട് നയിക്കും | BJP
Updated on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി പുതിയ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു. സിപിഎമ്മിന്റെ ശക്തമായ സ്വാധീനമേഖലയായ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രീകരിച്ചാണ് ബിജെപി ഇത്തവണ കളം നിറയുന്നത്. തൊഴിലുറപ്പ് മേഖലയിലെ ഇടതുപക്ഷ കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പ്രചാരണ പരിപാടികൾക്കാണ് പാർട്ടി തുടക്കമിട്ടിരിക്കുന്നത്.(BJP to work regarding the employment sector, New action plan)

വാർഡുകൾ തോറും ബിജെപി അനുകൂലികളായ തൊഴിലാളികളുടെയും അനുഭാവികളുടെയും സമ്മേളനങ്ങൾ വിളിച്ചുകൂട്ടും. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി പഞ്ചായത്ത് തലത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിക്കും.

തൊഴിലുറപ്പ് പദ്ധതിയുടെ പേര് 'വി ബി ജി റാംജി' എന്നാക്കിയതിലും ഫണ്ട് വെട്ടിക്കുറച്ചതിലും കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനം ഉയർത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കും. പദ്ധതി പരിഷ്കരിച്ചതിനെതിരെ സംസ്ഥാന സർക്കാരും പ്രതിപക്ഷവും രംഗത്തെത്തിയ സാഹചര്യത്തിൽ, കേന്ദ്രം നടപ്പിലാക്കിയ നേട്ടങ്ങൾ തൊഴിലാളികളിലെത്തിക്കാനാണ് പാർട്ടിയുടെ തീരുമാനം.

തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി ഉയർത്തിയത് മോദി സർക്കാരാണെന്ന് വിശദീകരിക്കും. തൊഴിൽ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം ഉറപ്പാക്കിയ നടപടി തൊഴിലാളികൾക്കിടയിൽ ചർച്ചയാക്കും. തൊഴിലുറപ്പ് മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, കർഷകമോർച്ച പ്രസിഡന്റ് ഷാജി രാഘവൻ, വി. ഉണ്ണികൃഷ്ണൻ, അശോകൻ കുളനട, എൻ. ഹരി എന്നിവരടങ്ങുന്ന ഉന്നതതല സമിതിക്ക് ചുമതല നൽകി. 10 ദിവസത്തിനകം ബൂത്ത് തലം വരെ കമ്മിറ്റികൾ പൂർത്തിയാക്കാൻ എൻഡിഎ യോഗം തീരുമാനിച്ചു.

കൂടുതൽ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഈയാഴ്ച തന്നെ ഡൽഹിക്ക് തിരിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിലും മുന്നണി വിപുലീകരണത്തിലും രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം നിർണ്ണായകമാകും.

Related Stories

No stories found.
Times Kerala
timeskerala.com