'വോട്ട് പിടിക്കാനല്ല, ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്താൻ': എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തുമെന്ന് BJP | Muslim
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്താൻ ലക്ഷ്യമിട്ട് പുതിയ 'മുസ്ലിം ഔട്ട്‌റീച്ച്' പരിപാടിക്ക് തുടക്കമിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലായിരിക്കും ഈ ഔട്ട്‌റീച്ച് നടപ്പാക്കുക.(BJP to visit all Muslim homes to keep minorities together)
ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നും, ഇത് വോട്ട് പിടിക്കാൻ വേണ്ടിയല്ല ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തി, ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എമ്മിനും കോൺഗ്രസിനുമെതിരെ രാജീവ് ചന്ദ്രശേഖർ രൂക്ഷവിമർശനമുന്നയിച്ചു. സി.പി.എമ്മും കോൺഗ്രസ്സും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുസ്ലിം വോട്ടർമാരിലേക്ക് നേരിട്ടെത്താനുള്ള ബിജെപി നീക്കം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്.
